മികവാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിച്ച പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു.
ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമിക്കുന്നത്.
ജെബി മേത്തർ എംപിയും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ സ്വിച്ചോൺകർമവും സിദ്ധാർഥ് ഭരതനും പാർവതിയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, ജയശ്രീ, മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മുകേഷ് മോഹൻ ഒരുക്കിയ പോലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു.